തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സിപിഎം മുൻ കൗൺസിലറും പാളയം ലോക്കൽ കമ്മിറ്റി അംഗവുമായ ഐപി ബിനു പോലീസിൽ കീഴടങ്ങി. തിരുവനന്തപുരത്ത് ഇഡി ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാർച്ചിനിടെയായിരുന്നു ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായത്.
റെയ്ഡിന്റെയും ചോദ്യം ചെയ്യലിന്റെയും ഭാഗമായി എത്തിയ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ബിനു ചീമുട്ടയെറിയുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ശക്തമാക്കിയതിനെ തുടർന്നാണ് ബിനു ഇപ്പോൾ സ്റ്റേഷനിലെത്തി കീഴടങ്ങിയിരിക്കുന്നത്.
അതേസമയം, ഈ കേസിൽ അറസ്റ്റിലായ മറ്റ് അഞ്ച് പ്രതികളെ വഞ്ചിയൂർ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വധശ്രമം ഉൾപ്പെടെയുള്ള അതീവ ഗുരുതരമായ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അവധി ദിവസമായിരുന്നിട്ടും മജിസ്ട്രേറ്റ് കോടതിയിലെത്തിയാണ് റിമാൻഡ് നടപടികൾ പൂർത്തിയാക്കിയത്. കേസിൽ ഇതുവരെ എട്ട് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ കനത്ത പോലീസ് സുരക്ഷയിലാണ് വൈദ്യപരിശോധനയ്ക്കായി ജനറൽ ആശുപത്രിയിൽ എത്തിച്ചത്. നടപടികൾ പൂർത്തിയാക്കിയ ശേഷം ഇവരെ പൂജപ്പുര ജയിലിലേക്ക് മാറ്റും.